Kashmir Yathra | Heaven of Earth Traveldrips.com Part1

കശ്മീർ ആദ്യയാത്രയുടെ സ്പന്ദനങ്ങൾ
“യാത്ര ബാക്കി നിൽക്കുകയാണ്. എന്റെ തിരിച്ചു വരവിനായി കശ്മീർ കാത്തിരിക്കയാണ്” കശ്മീരിലൂടെയുളള ആദ്യയാത്രയെ കുറിച്ച് ലീലാ സോളമൻ
നമ്മളറിയാതെ അട്ടിമറിക്കപ്പെടുന്ന നമ്മുടെ എണ്ണമറ്റ യാത്രാ സ്വപ്നങ്ങളിൽ നിന്ന് ഏതേലും ഒരു സ്വപ്നം വീണ്ടും ഉയിർത്തെഴുന്നേറ്റു വന്നാൽ കിട്ടിയ അവസരം പാഴാക്കാതെ സ്വപ്നം സാക്ഷാത്കരിക്കുക എന്നല്ലാതെ വീണ്ടും അത് നീട്ടിവയ്ക്കാൻ ഞാൻ ശ്രമിക്കാറില്ല. നേരിട്ട് കണ്ടറിയുക, തൊട്ടറിയുക, സ്വന്തമായി അനുഭവിക്കുക, ഇവയെല്ലാം യാത്രകളിലൂടെ മാത്രം കിട്ടുന്ന അനുഭൂതികളാണ്. വീട്ടിനുള്ളിൽ വിരലൊന്നമർത്തി കമ്പ്യൂട്ടർ സ്‌ക്രീനിൽ കാണുന്ന ചിത്രങ്ങൾ വെറും നെടുവീർപ്പുകളായി മനസ്സിൽ കുമിഞ്ഞു കൂടും. യാത്രകളിൽ താൽപ്പര്യമില്ലാത്ത മനുഷ്യന്മാരെല്ലാം എനിക്ക് അത്ഭുതമാണ്. കുറഞ്ഞപക്ഷം മനസ്സുകൊണ്ട് എങ്കിലും അവരൊക്കെ യാത്ര ചെയ്യാറില്ലേ? പറന്നെത്താം എനിക്ക് എത്ര ദൂരെ വേണമെങ്കിലും; പക്ഷേ, മനസ്സിനൊടൊപ്പം എന്റെ ശരീരവും പണ്ട് പണ്ടെപ്പോഴോ കണ്ട സ്വപ്നത്തിലെ പച്ചപുൽത്തകിടും, ദൂരെ മഞ്ഞു മലകളും, താഴ്‌വാരത്തെ സ്വച്ഛസുന്ദരമായ നദിക്കരയും ആട്ടിൻ പറ്റങ്ങളും അവയ്ക്ക് പുറകിലായി കുന്നിറങ്ങി വരുന്ന ആട്ടിടയനെയും നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരിത്, ആ ഒരു കോരിത്തരിപ്പ്, പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാ ണ്. പഹല്ഗാമിലെ ആ പച്ചപ്പുല്ലിൽ സന്ധ്യ വരെ എനിക്ക് ഇരിക്കാനും, അതുകഴിഞ്ഞു ആടുകളോടൊപ്പം, ആട്ടിടയന്റെ വീട്ടിൽ തങ്ങാനും, ലിഡ്‌ഡർ നദിയുടെ പോഷക നദിയായ ആരുനദിയിൽ ഒന്ന് മുങ്ങിക്കുളിച്ച് യാത്ര തുടരാനും ഞാൻ അറിയാതെ മോഹിച്ചു പോയി.
ആരു താഴ്‌‌വരയിൽ എനിക്ക് കിട്ടിയ ആ ഒരു സായാഹ്നത്തിന് നന്ദി പറയേണ്ടത് ലതയോടും സിലുവിനോടുമാണ്. ലത രാജായെ പരിചയപ്പെടുന്നതു ഫെയ്‌സ് ബുക്കിലൂടെയാണ്. ലത യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നൊരു വ്യക്തി മാത്രമല്ല, തന്നെപ്പോലെ തന്നെ യാത്രകൾ ഇഷ്ടപ്പെടുന്ന മറ്റു സ്ത്രീകളെയും കൂട്ടി യാത്രകൾ നടത്താൻ വഴിയൊരുക്കുന്ന ഒരു സംഘാടക കൂടിയാണ്. ഇതിനുമുമ്പും ഒരു കാശ്മീർ യാത്ര അവർ നടത്തിയിട്ടുണ്ട്. സിൽസില എന്ന സിലുവിനെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ തോന്നി, അയ്യോ ഇവളെ എന്തേ പണ്ടേ കണ്ടില്ല, അറിഞ്ഞില്ല എന്നൊക്കെ. എങ്കിൽ എവിടൊക്കെ ഇതിനു മുമ്പ് പോകാമായിരുന്നു!

മഹാപ്രളയത്തിന് ശേഷം, കേരളം ഉയിർത്തെഴുന്നേൽക്കുന്നതും നോക്കിയിരിക്കുമ്പോഴാണ് ലതയുടെ വിളി വരുന്നത്. സെപ്തംബര് 22ന് കശ്മീർ യാത്ര ബെംഗളുരൂവിലുളള ഒരു സുഹൃത്ത് സിൽസിലയുമായി പ്ലാനിടുന്നുണ്ട്, താൽപ്പര്യം ഉണ്ടോ എന്നറിയാനാണ് എന്നെ വിളിച്ചത്. അഞ്ച് ദിവസം മാത്രമേ പരിപാടി ഇട്ടൊള്ളു. അങ്ങനെ 31 പേരുള്ള ആ സംഘം ലതയുടെയും സിലുവിന്റെയും നേതൃത്വത്തിൽ ശ്രീനഗറിലേക്ക് പറന്നു. ഇത്രയേറെ പേരുണ്ടാവുമെന്നൊന്നും അറിഞ്ഞിരുന്നില്ല. ശ്രീനഗർ എയർപോർട്ടിൽ വച്ചാണ് സംഘത്തിലെ എല്ലാവരേയും ഒരുമിച്ചു കാണുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവർ, വിവിധപ്രായക്കാർ, തൊഴിൽ ഉള്ളവരും ഇല്ലാത്തവരും. എല്ലാവരും പറയുന്ന മലയാളം തന്നെ എന്താ രസം കേൾക്കാൻ! പ്രത്യേകിച്ചും “നമ്മുടെ ആമീന്റെ” മലപ്പുറം ഭാഷ. എല്ലാവർക്കുമുള്ള സമാനത, കശ്മീർ കാണാനുള്ള വെമ്പൽ മാത്രമായിരുന്നു.

എയർപോർട്ടിൽ ഞങ്ങളെ കാശ്മീർ കാണിക്കാൻ തയ്യാറായി ടൂർ ഓപ്പറേറ്റർ മല്ലിക് കാത്തു നിന്നിരുന്നു. സ്വയം പരിചയെപ്പെടുത്തിയ ശേഷം രണ്ട് ബസ്സുകളിലായി ആദ്യം ലഞ്ച് കഴിക്കാനാണ് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ചൂട് ഏതാണ്ട് ഡൽഹിയിലെ പോലുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ശ്രീനഗറിന് പ്രത്യേകിച്ച് ഗ്ലാമർ ഒന്നും തോന്നിയില്ല. ഒരു പാവം പിടിച്ച ലുക്ക്. ഇടക്കിടെയെല്ലാം പട്ടാളക്കാർ വഴിയോരത്ത് തോക്കും പിടിച്ചു നിൽപ്പുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേ ക്കുളള തിരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യവാരത്തിലായിരുന്നെങ്കിലും, റോഡിൽ ആ ബഹളമൊന്നുമില്ല. സ്ഥാനാർത്ഥികളുടെ പേരും പടവും ഒന്നും കാണുന്നില്ല. രണ്ടായിരത്തി അഞ്ചിന് ശേഷം ആദ്യമായാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പാർട്ടികളായ നാഷണൽ കോൺഫെറെൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും വിട്ടുനിൽക്കുകയായിരുന്നു.

നിറപ്പകിട്ടാർന്ന കശ്മീർ ആയിരുന്നു മനസ്സിൽ. കശ്മീരിന്റെ നിറങ്ങൾ എവിടെ? ചാരുത എവിടെ? നഗര വശ്യത എവിടെ? നിറം മങ്ങിയ മേൽക്കൂരകൾ. എന്തായാലും ബഹുനില കെട്ടിടങ്ങളും മാളുകളും കോർപ്പറേറ്റ് ഓഫീസുകളും ഒന്നും ഇല്ല. ആധുനിക വാസ്തുവിദ്യയുടെ ആർഭാടങ്ങൾ ഒന്നുമില്ലാത്ത കെട്ടിടങ്ങളുടെ ചരിഞ്ഞ മേൽക്കൂരകൾ അധികവും ഷീറ്റിട്ടിരിക്കയാണ്. അടിയിൽ തടിയുടെ റൂഫ് ആവും.

മുംബൈയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളും പൊതു നിരത്തുകളും ലേഡീസ് കംപാർട്മെന്റുകളും കണ്ടറിഞ്ഞ എനിക്ക് ഒറ്റനോട്ടത്തിൽ ശ്രീനഗറിലെ പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അഭാവം ഉണ്ടോയെന്ന് സംശയം തോന്നാതിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ കണ്ണുകൾ പൊതുവഴിയിലും, വാഹനങ്ങളിലും കടകളിലും മാർക്കറ്റുകളി ലും സ്ത്രീകളെ തിരഞ്ഞുകൊണ്ടിരുന്നു.

അന്ന് രാത്രി ഞങ്ങൾക്ക് തങ്ങാനായി മല്ലിക് ഒരുക്കിയത് ഹൗസ് ബോട്ടുകളാണ്. ഡാൽ തടാകക്കരയിൽ ഞങ്ങളെ എത്തിച്ചിട്ടു അയാൾ അക്കരെ കിടക്കുന്ന ഹൌസ് ബോട്ടുകളിൽ ചൂണ്ടി കാണിച്ചു. ഹൗസ്‌ബോട്ടിൽ എത്താൻ ഷിക്കാരാ (നൗക)വേണം. ബാഗുകളുമായി നൗകയിൽ കയറാൻ ഷിക്കാരാവാല ഞങ്ങളെ സഹായിച്ചു.

ഉൾഭാഗമൊക്കെ കശ്മീരിലെ പരമ്പരാഗതമായ രീതിയിൽ അലങ്കരിച്ചിട്ട ഹൗസ്‌ബോട്ടുകൾ വിശാലമാണ്, ലോബിയും,ഡൈനിങ്ങ് ഹാളും, കടന്നു, നീണ്ട വരാന്തയിലൂടെ നടന്നാൽ ഇടതു വശത്ത് ഒരു കുഞ്ഞു അടുക്കളയും, കിടപ്പ് മുറികളും കാണാം. ഓരോ മുറികളിലും അറ്റാച്ഡ് ബാത്‌റൂമും ഉണ്ട്. ഒന്ന് ഫ്രഷ് ആയശേഷം ചായ കുടിച്ച് ഞങ്ങൾ തടാകത്തിലൊരു സായാഹ്‌ന സഞ്ചാരത്തിനായി തയ്യാറായി. ഷിക്കാരകൾ ഞങ്ങൾക്കായി കാത്തു കിടന്നിരുന്നു. അപ്പോഴും എന്റെ കണ്ണുകൾ കശ്മീരി സ്ത്രീകളെ തിരയുകയായിരുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ നൗകാവാലയോട് ചോദിച്ചു, കശ്മീരിലെ സുന്ദരികൾ എവിടെ? നൗകയും തുഴഞ്ഞു മുഖം പാതി മറച്ചു കടന്നു പോകുന്ന അപൂർവം ചില സ്ത്രീകളെ കണ്ടതല്ലാതെ, പൂക്കൾ വിൽക്കാനോ മാലയും വളയും വിൽക്കാനോ സ്ത്രീകളല്ലല്ലോ വരുന്നത്? സിനിമയിലൊക്കെ ഷിക്കാരയിൽ പൂക്കൾ വിൽക്കുന്ന സ്ത്രീകളെ കാണാമല്ലോ. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു അതൊക്കെ പഴയ സിനിമകളിൽ അല്ലെ? അതെ, ഒറ്റപ്പെട്ടൊരു സംസ്ഥാനം അല്ലെ കശ്മീർ? ടുറിസ്റ്റുകൾക്ക് വരാൻ പോലും പേടിയാണ്. തിരഞ്ഞെടുപ്പ് സമയത്ത് കശ്മീരിൽ തന്നെ നിനക്ക് പോണോ എന്ന് ചോദിക്കുന്നവർ ഞങ്ങൾ എല്ലാവരുടെയും കുടുംബത്തിനുള്ളിലും പുറത്തും ഉണ്ടായി രുന്നു.
ഞങ്ങളുടെ ഷിക്കാരക്ക് ചുറ്റും കച്ചവടത്തിനായി മറ്റു ഷിക്കാരകളും തുഴഞ്ഞു പലരും വന്നു. ചിലതിൽ ചായ, മറ്റു ചിലതിൽ, മാല, വള, കമ്മൽ. ചിലർ കാശ്മീരി വേഷങ്ങളും ആഭരണങ്ങളുമായി വന്നു, അതൊക്കെ ധരിച്ചു ഫൊട്ടോ എടുക്കാൻ. ഒരു ഫോട്ടോക്ക് നൂറു രൂപ. തടാകത്തിലൂടെ ധൃതിയിൽ വഞ്ചിയും തുഴഞ്ഞു പോകുന്ന സ്ത്രീയുടെ മുഖത്ത്, ഞങ്ങളെ കണ്ടപ്പോൾ ഒരു നിമിഷം വിടർന്ന പുഞ്ചിരി മൊബൈൽ ക്യാമറയിൽ പകർത്താൻ ഞാൻ ശ്രമിച്ചു. തടാകം വളരെ വിശാലമാണ്. ദൂരെ മലമുകളിൽ ശ്രീ ശങ്കരാചാര്യരുടെ ക്ഷേത്രംകാണാം. തടാകത്തിന്റെ തീരത്ത് ദൂരെ ഷാലിമാർ ബാഗും നിഷാന്ത് ഗാർഡനും കാണാം, പക്ഷെ അന്ന് ഗാർഡൻ കാണാൻ ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നില്ല. ഷിക്കാര വാലകൾ ഞങ്ങളെ അവർക്കു സ്വാധീനമുള്ള കരകൗശല കടകളിലേക്ക് നിർബന്ധിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. പക്ഷെ അവിടെ ഷോപ്പിങ് ‘കത്തി’യാണെന്നുള്ള മുന്നറിയിപ്പ് കാരണം കടകൾക്കുള്ളിലേക്ക് കയറാൻ താൽപ്പര്യം ഞങ്ങൾ കാണിച്ചില്ല. സന്ദർശകർ താരത്യമേന കുറവായതിനാൽ ആവും, ഷിക്കാരകൾ ഞങ്ങളെ ആകെ പൊതിഞ്ഞു. അതിനാൽ സൂര്യാസ്തമയം വേണ്ടുവോളം ആസ്വദിക്കാൻ പറ്റിയില്ല

കാലാവസ്ഥക്കനുസരിച്ച് ദാൽ തടാകത്തിന്റെ സ്വഭാവവും മാറുന്നു. വിവിധ ഇനം ജലസസ്യങ്ങളുടെയും മീനുകളുടെയും സ്രോതസ്സ് ആണ് ദാൽ തടാകം. താമരപ്പൂക്കളുടെ കൃഷി തന്നെയുണ്ട്. ദേശാടനപ്പക്ഷികൾ എത്താറുണ്ട്. താറാവിനെ പോലത്തെ ഒരു കുഞ്ഞു പക്ഷിയെ ഞങ്ങൾ കണ്ടിരുന്നു. പക്ഷെ ഇന്ന് പല അപൂർവ സസ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തടാകത്തിൽ ചില വലിയ ഹൗസ്‌ബോട്ടുകൾ കാലിയായി കിടപ്പുണ്ട്. അതിൽ ഒരു പഴയ, ഉപയോഗശൂന്യമായ ഹൗസ് ബോട്ട് കുറെയധികം വർഷമായത്രേ തടാകത്തിൽ കിടക്കുകയാണ് എന്നാണ് നൗകാവാലാ പറഞ്ഞത്. അതും അതിനും ചുറ്റുമുള്ള തടാകത്തിന്റെ ഭാഗവും ഏതോ ഒരു സ്വകാര്യ വ്യക്തിയുടേതാണത്രെ. ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഹൗസ്ബോട്ടുകളും, കടകളും ധാരാളമുണ്ട്. ചിലർ തടാകത്തോട് ചേർന്ന് പച്ചക്കറി കൃഷിയും താമരക്കൃഷിയും നടത്തുന്നു. നമ്മുടെ നാട്ടിലെ കായൽ നികത്തുന്ന പോലെ തടാകത്തിൽ കൈയ്യേറ്റം നടക്കുന്നതിനാൽ ദാൽ തടാകം ചുരുങ്ങിക്കൊണ്ടിരിക്കയാണ് എന്ന് റിപ്പോർട്ടുകൾ. മാലിന്യങ്ങളും കീടനാശിനികളും തടാക ത്തിലെ വെള്ളത്തിനെ മലിനമാക്കുന്നു. ബോട്ടുകളിൽ നിന്ന് തന്നെ മാലിന്യങ്ങൾ നേരെ തടാകത്തിലെ വെള്ളത്തിലാവുമല്ലോ എത്തുന്നത്. പായലും മാലിന്യങ്ങളും ചില ഭാഗങ്ങളിൽ കൂടുതലായി അടിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ, ദാൽ തടാകത്തിന്റെ പുനരുദ്ധാരണ പദ്ധതി തുടങ്ങിക്കഴിഞ്ഞു. പ്രകൃതി രമണീയമായ ഏതു സ്ഥലവും ടൂറിസത്തിന്റെ പേരിൽ കച്ചവട കണ്ണുകളോടെ മാത്രം കാണുന്ന നമ്മുടെ വ്യവസ്ഥിതി എന്ന് മാറും എന്ന് ഞാൻ അറിയാതെ ചിന്തിച്ചു പോയി. ഒരു സ്ഥലം സംരക്ഷിച്ചു കൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ടൂറിസ്റ്റുകൾക്ക് നൽകിക്കൊണ്ട്, ടൂറിസം നടപ്പാക്കിക്കൂടെ?
ഹൗസ്‌ബോട്ടുകൾ തടാകത്തിലെ വെള്ളം കൂടുതൽ നശിപ്പിക്കുമെന്നറിഞ്ഞപ്പോൾ നമുക്കവിടെ താമസിക്കേണ്ടിയിരുന്നില്ലായിരുന്നവെന്ന് എനിക്ക് തോന്നാതിരുന്നില്ല. ബോട്ടിന്റെ തറ മരം കൊണ്ട് ഉണ്ടാക്കിയതിനാൽ വെള്ളം വീഴാതെ നോക്കണമെന്ന് പ്രത്യേക നിർദേശം ഉണ്ടായിരുന്നു. ഹൗസ്‌ബോട്ടിന്റെ ഉടമസ്ഥർ അവരുടെ ബോട്ടുകളെ പറ്റി എത്ര ഉൽകണ്ഠാകുലരാണ്! പക്ഷെ ആ ആകുലത ഇത്രയും മനോഹരമായ തടാകത്തിന്റെ നിലനിൽപ്പിനെ കുറിച്ചെന്ത് കൊണ്ടില്ല? തടാകത്തിലെ ജലസസ്യങ്ങളെയും, ചെറുമീനുകളെയും പക്ഷികളെയും ഇല്ലാതാക്കുന്ന മാലിന്യങ്ങൾ വെള്ളത്തിലേക്ക് തള്ളാതിരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിക്കൂടേ?

രാത്രി ഏറെ വൈകും വരെ ഷിക്കാരകളിൽ കൗതുക വസ്‌തുക്കളുമായി കച്ചവടക്കാർ ഞങ്ങളെ വീണ്ടും വീണ്ടും തേടി വന്നു. അവരോടൊക്കെ വിലപേശിയും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല. കേരളത്തിൽ നിന്നാണ് ഞങ്ങൾ എത്തിയതെന്ന് പറഞ്ഞപ്പോൾ പലരും വളരെ ആശങ്കയോടെ വെള്ളപ്പൊക്ക ദുരിതങ്ങളെ കുറിച്ച് ചോദിച്ചു. പലരുടെയും ബന്ധുക്കൾ കേരളത്തിൽ കശ്മീരി ഹാൻഡി ക്രാഫ്റ്റ്സ് വിൽക്കുന്നവരാണ്.
ഇടക്കെപ്പോഴോ ബോട്ടിന്റെ വരാന്തയിൽ നിന്നപ്പോൾ തൊട്ടടുത്ത ബോട്ടിലേക്ക് രണ്ട് യുവതികൾ കടന്നു പോയി. മണികിലുക്കം പോലെയുള്ള അവരുടെ ചിരി കേട്ടപ്പോൾ ഞാൻ ഹലോ എന്നുറക്കെ വിളിച്ചു പറഞ്ഞു. പെട്ടെന്ന് ചിരി ഒച്ച താഴ്ത്തി, തട്ടം വച്ച് മുഖം മറച്ചു അവരെന്നെ നോക്കി എന്നോട് ഒരു ഹലോ പറഞ്ഞു അപ്രത്യക്ഷരായി. ഒരു പക്ഷെ അവരാവും അന്ന് രാത്രിയിലെ അത്താഴവും പിറ്റേന്നത്തെ പ്രാതലും ഞങ്ങൾക്ക് ഒരുക്കിയത്.

ഇടക്കിടെയെല്ലാം പൊതുവിടങ്ങളിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ച് എനിക്ക് ഓർക്കാതിരിക്കാൻ പറ്റിയില്ല. മല്ലിക്കുമായി ഞാൻ ആ വിഷയം സംസാരിച്ചെങ്കിലും അയാൾക്ക്‌ അതിൽ അസ്വാഭാവികത തോന്നിയില്ല. പെൺകുട്ടികൾ കൂട്ടംകൂട്ടമായി സ്കൂളുകളിലും കോളജിലും പോകുന്നത് നാളെ രാവിലെ കാണിച്ചു തരാമെന്ന് അയാൾ പറഞ്ഞു. മുംബൈയിലോ കേരളത്തിലോ അല്ലെങ്കിൽ ഇന്ത്യയുടെ മറ്റു നഗരങ്ങളിലോ കാണുന്ന പോലെ “വർക്കിങ് വിമെൻ” ശ്രീനഗറിൽ ഉണ്ടാവില്ല. എനിക്ക് പിന്നെ ചിന്തിച്ചപ്പോൾ തോന്നി, കശ്മീരിലെ സ്ത്രീകളെ മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി എങ്ങനെ താരതമ്യം ചെയ്യും? വർഷങ്ങളായി അവർ ജീവിക്കുന്നത് ഒരു സംഘർഷ ഭൂമിയിലാണ്. മതപരമായും രാഷ്ട്രീയമായും അവർക്ക് വിലക്കുകൾ ധാരാളം ഉണ്ട്. സ്ത്രീകളുടെ വിദ്യാഭാസത്തിന് മുൻഗണന കൊടുക്കുന്നത് തന്നെ വളരെ വൈകിയാണ്. വിധവകളായ അമ്മമാർ അനവധി. കുടുംബഭാരം ഏറെ. വീട്ടിനുള്ളിൽ പരമ്പരാഗതമായ കൃഷികളിലും, കരകൗശല വിദ്യകളിലും ഏർപ്പെട്ടു കുടുംബം നടത്തിക്കൊണ്ടു പോകുന്ന സ്ത്രീകൾ ധാരാളം ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധിക ൾ തരണം ചെയ്യാൻ പുരുഷന്മാരോടൊപ്പം പങ്കു ചേരുന്നതി നോടൊപ്പം തന്നെ അവർക്കു കുടുംബത്തിലെ സ്ത്രീയുടെ റോൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. അവർക്കു മുകളിൽ മതത്തിന്റെയും പുരുഷന്റെയും നിയന്ത്രണം എപ്പോഴും ഉണ്ട്. ആ നിയന്ത്രണത്തിൽ നിന്ന് പുറത്തേക്കു വരാൻ ആവാത്തവിധം കശ്മീരിലെ രാഷ്ട്രീയ പ്രതിസന്ധികൾ അവരെ ബന്ധനസ്ഥരാക്കുകയല്ലേ? കാണാതായ ആൺമക്കളെ കണ്ടുപിടിക്കാനായി കശ്മീരിൽ Association of Parents of Disappeared Persons (APDP) എന്നൊരു സംഘടന ഉണ്ട്. അവരെ പ്രതീക്ഷിച്ച് ഇരിക്കുന്ന അമ്മമാർ വീടിനുളളിൽ വീർപ്പുമുട്ടുകയാവും എത്രയെത്ര പെൺകുട്ടികളും സ്ത്രീകളും ആണ് ലൈംഗികാക്രമണങ്ങൾക്ക് ഇരയായിട്ടുള്ളത്? എട്ട് വയസ്സു കാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞത് ഈ അടുത്ത കാലത്തല്ലേ? സൈന്യം പോലും ലൈംഗികമായി സ്ത്രീകളെ ആക്രമിച്ചിട്ടില്ലേ? പേടിച്ചു വിറച്ചു ജീവിക്കുന്ന കുഞ്ഞുങ്ങളുണ്ടാവില്ലേ? ജമ്മു കശ്മീരിൽ സൈക്കോളജിക്കൽ കൗൺസിലിങ്ങിന് എത്തുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം കൂടി വരികയാണെന്നുള്ള കുപ്‌വാരയിൽ നടത്തിയ പഠന റിപ്പോർട്ട് ഉണ്ട്. ഈ​ പഠനം ഇന്റർനാഷണൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ കുപ്‍വാര ജില്ലയിലെ കുനാൻ-പോഷ്പോര ഗ്രാമങ്ങളിൽ മിലിറ്റന്റ്‌സിനെ പിടിക്കാൻ വേണ്ടി ഇന്ത്യൻ സൈന്യം നടത്തിയ സെർച്ച് ഒരു മാസ്സ് റേപ്പിൽ അവസാനിച്ചതിനെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നിട്ടുമുണ്ട്. ഷോപ്പിയാൻ, ഹന്ദ്വാരാ, അങ്ങനെ എത്രയെത്ര കേസുകൾ! സമ്മർദങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് എങ്ങനെ ആരോഗ്യത്തോടെയുള്ള മനസ്സ് ഉണ്ടാവും? കുറച്ചു നാളെങ്കിലും കശ്മീരിൽ ഒരു ജോലി തരപ്പെട്ടെങ്കിൽ അവരോടൊപ്പം, അവരുടെ വിഷമ ങ്ങൾ പങ്കുവച്ച് താമസിക്കണമെന്ന് തോന്നാതിരുന്നില്ല. കശ്മീരിനെ കൂടുതൽ അറിയാൻ, ഒരു ഹ്രസ്വ സന്ദർശനം കൊണ്ടൊന്നുമാകില്ല. ഇത്തരം വിനോദ യാത്രകളിൽ കശ്മീരിലെ പച്ചപിടിച്ച താഴ്‌‌വാരകൾ പോലെ സുഖപ്രദമായ കാഴ്ചകളെ കണ്ണിൽ പതിയൂ. കശ്മീരാകെ പൊതിഞ്ഞിരിക്കു ന്ന ആ പച്ച പരവതാനിക്ക് കീഴെ, കശ്മീരി സ്ത്രീകളുടെ അടിച്ചമർത്തിയ സങ്കടങ്ങളും കണ്ണീരും രോദനവും നമ്മൾ കേൾക്കാതെ പോയാൽ യാത്ര പൂർണമാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അടുത്ത ദിവസം ഉണർന്നപ്പോൾ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. ഷിക്കാരയിൽ പൂക്കളുമായി ഒരു മധ്യവയസ്‌കൻ വന്നു. തണുപ്പേറെ കൂടിയതായി തോന്നി. ഹൗസ്‌ബോട്ടിലെ താമസം മതിയാക്കി, ഞങ്ങൾ രണ്ടു ബസ്സുകളിൽ ആയി സോനമാർഗിലേക്ക് പുറപ്പെട്ടു.

👉ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 🧭

Post a Comment

Previous Post Next Post
close